ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ചില വ്യക്തമായ ലക്ഷൃങ്ങളോടെയാണെന്ന് മതഗ്രന്ഥങ്ങള്‍ പറയുന്നു. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം തുടങ്ങി എല്ലാ മതങ്ങളും ദൈവത്തെ പരിചയപ്പെടുത്തുന്നു. ചില മതങ്ങള്‍ ഏകദൈവത്തെയും, മറ്റ് ചിലവ ബഹുദൈവങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. അനന്തമായ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും ക്ഷണികമായ ജീവിതം മാത്രമുള്ള ചില ആള്‍ ദൈവങ്ങളുടെ(ഉദാ - രജനീഷ്, സത്യസായിബാബ, ശ്രീ.ശ്രീ.രവിശങ്കര്‍, മാതാഅമൃതാനന്ദമയി തുടങ്ങിയവര്‍) പിന്നാലെയും ധാരാളം ജനങ്ങള്‍ മോക്ഷം തേടി അലയാറുണ്ട്. മരണത്തോടു കൂടി എല്ലാം അവസാനിക്കുന്നു എന്ന് വിശ്വസിക്കുന്ന ദൈവനിഷേധികളുടെ എണ്ണവും കുറവല്ല.
എന്നാല്‍ ഈ മഹാപ്രപഞ്‍ചത്തെയും മനുഷ്യനെയും മറ്റ് ജീവിജാലങ്ങളെയും സൃഷ്ടിച്ചത് വ്യത്യസ്ത ശക്തികളാണോ... മതങ്ങള്‍ പറയുന്നതെന്തുമാകട്ടെ.... മനുഷ്യന്‍റെ സാമാന്യ ബുദ്ധി അവനോട് പറയുന്നത് ഈ അണ്ഡകടാഹത്തെയും മുഴുവന്‍ സസ്യ ജന്തു ജീവിജാലങ്ങളെയും സൃഷ്ടിക്കുകയും, നിയന്ത്രിക്കുകയും, പരിപാലിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് ഏകനായ-സര്‍വ്വശക്തനായ-ജഗന്നിയന്താവായ ഒരു ശക്തിയാണെന്നാണ്. എന്നാല്‍ ദൈവത്തെക്കുറിച്ചുള്ള കൂടുതല്‍ അറിവ് മത ഗ്രന്ഥങ്ങളിലൂടെ മാത്രമേ നമുക്ക് നേടിയെടുക്കുവാന്‍ കഴിയൂ.
എന്നാല്‍ ഏത് മതമാണ് യഥാര്‍ത്ഥ മോക്ഷത്തിലേക്ക് വഴികാട്ടുന്നത്? അതോ എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കുള്ള വഴിതന്നെയാണോ?
നമ്മില്‍ മിക്കവരും ഇക്കാര്യം ഇതുവരെ ഗൌരവ പൂര്‍വ്വം ചിന്തിച്ചു നോക്കിയിട്ടുണ്ടാവില്ല. പക്ഷേ ....
നാം മുഖം തുടയ്ക്കുന്ന ഒരു തൂവാല പോലും ഗുണമേന്‍മയും വിലയും നോക്കി മാത്രമേ വാങ്ങാറുള്ളു. എന്നാല്‍ മതത്തിന്‍റെ കാര്യത്തിലാകട്ടെ മിക്കവരും ഏത് മതത്തില്‍ ജനിച്ചുവോ അതില്‍ തന്നെ തൃപ്തിപ്പെടാറാണ് പതിവ്. വിശ്വാസകാര്യത്തിലെ ഈ അന്ധമായ അവസ്ഥയില്‍ പണ്ഡിത പാമര വ്യത്യാസം കാണാറില്ല എന്നതാണ് ഏറെ കൌതുകകരം.
ഈ നിലപാട് ശരിയാണോ? ചിലര്‍ പറയുന്നത് ഏത് മതത്തില്‍ വിശ്വസിച്ചാലും മോക്ഷം ലഭിക്കുമെന്നാണ്.
തീര്‍ച്ചയായും നാം വിവിധ മതങ്ങളെക്കുറിച്ച് ലഘുവായി ഒന്ന് പരിചയപ്പെടേണ്ടതുണ്ട്. മതങ്ങളെക്കുറിച്ച് നാം പഠിക്കേണ്ടത് അവയുടെ വിമര്‍ശകരില്‍ നിന്നല്ല; മറിച്ച് അവയുടെ മൂല പ്രമാണങ്ങളില്‍ നിന്നാണ്.
ഇന്ന് ലോകത്ത് നിലവിലുള്ള മതങ്ങളില്‍ ഏറ്റവും പഴക്കവും പാരമ്പര്യവും അവകാശപ്പെടാവുന്ന ഹിന്ദു മതം പ്രധാനമായും മുന്നോട്ട് വയ്ക്കുന്ന മോക്ഷമാര്‍ഗ്ഗം പുനര്‍ജന്മ സിദ്ധാന്തത്തിലും, ചാതുര്‍വര്‍ണ്യത്തിലും അധിഷ്ഠിതമായതാണ്. വേദങ്ങളിലും ഉപനിഷത്തുകളിലും പലയിടങ്ങളിലും ശുദ്ധമായ ഏകദൈവ വിശ്വാസത്തിന്‍റെ ഒളി മിന്നലുകള്‍ കാണാനാവുന്നുണ്ടെങ്കിലും ഉപനിഷത്ത് ദര്‍ശനങ്ങള്‍ക്ക് കടകവിരുദ്ധമായ വിഗ്രഹാരാധനയും, ബഹുദൈവത്വവും, സവര്‍ണ-പൌരോഹിത്യ മേധാവിത്വവുമാണ് ഇന്നത്തെ ഹിന്ദു മതത്തിന്‍റെ കാതല്‍.
സെമിറ്റിക് മതങ്ങളില്പ്പെടുന്ന യഹൂദ, ക്രൈസ്തവ, ഇസ്ലാം മതങ്ങള്‍ തമ്മില്‍ തുടക്കത്തില്‍ വളരെയധികം സാമ്യം കാണുന്നുണ്ടെങ്കിലും അവ പിന്നീട് പരസ്പരം ശക്തിയായി വിയോജിക്കുന്നു. ജൂതന്മാര്‍ മോശെയ്ക്ക് ശേഷം ഇസ്രയേല്‍ ജനതയിലേക്ക് വന്ന യേശു(ഈസാ നബി)വിനെ ജാരസന്തതി എന്ന് വിളിച്ചുകൊണ്ട് തള്ളിക്കളഞ്ഞു. അന്ത്യപ്രവാചകന്‍ എന്ന് മുസ്ലീങ്ങള്‍ വിശേഷിപ്പിക്കുന്ന മുഹമ്മദിനെ അംഗീകരിക്കാന്‍ ജൂതന്മാരോ, ക്രിസ്ത്യാനികളോ തയ്യാറായിരുന്നില്ല. മുസ്ലീങ്ങളാകട്ടെ മോശെ(മൂസാ നബി), യേശു (ഈസാ നബി) തുടങ്ങിയവരെ പ്രവാചക പരമ്പരയിലെ കണ്ണികളായി അംഗീകരിക്കുന്നുണ്ടെങ്കിലും അവര്‍ ദൈവമോ ദൈവപുത്രനോ ആണെന്ന് അംഗീകരിക്കുന്നില്ല.
ഹൈന്ദവ-ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ക്ക് പരസ്പരം അംഗീകരിക്കുവാന്‍ കഴിയില്ല എന്നത് വാസ്തവമാണ്. എന്നാല്‍ "ലോകത്ത് പ്രവാചകന്മാരെ അയക്കപ്പെടാത്ത ഒരു സമൂഹവും കഴിഞ്ഞു പോയിട്ടില്ല" എന്ന ഇസ്ലാമിക അധ്യാപനം ലോകത്ത് നിലവിലുള്ള മറ്റ് മതങ്ങളുടെ ദൈവികതയെ ഒരു പരിധിവരെ ശരിവെയ്ക്കുന്നതാണ്. എന്നാല്‍ കാലപ്പഴക്കത്തില്‍ മിക്ക മതങ്ങളിലും മനുഷ്യരുടെ കൈകടത്തലുകള്‍ മൂലം കൂട്ടിച്ചേര്‍ക്കലുകളും, വെട്ടിക്കുറക്കലുകളും ഉണ്ടായി. ദൈവിക വചനങ്ങള്‍ എന്നറിയപ്പെടുന്ന തോറയോ, ബൈബിളോ അവതരിപ്പിക്കപ്പെട്ട നിലയില്‍ തന്നെയാണ് ഇന്ന് ലഭ്യമാകുന്നത് എന്ന് ഒരിക്കലും അവകാശപ്പെടാന്‍ കഴിയില്ല. യേശുവിന്‍റെ കാലഘട്ടത്തിനും നൂറില്‍ പരം വര്‍ഷങ്ങള്‍ക്ക് ശേഷം രചിക്കപ്പെട്ട ബൈബിളിന്‍റെ അനവധി പാഠഭേദങ്ങള്‍ ഇന്ന് നിലവിലുണ്ട് എന്ന് മാത്രമല്ല അനവധി ശാസ്ത്രവിരുദ്ധ പരാമര്‍ശങ്ങളും, പരസ്പര വൈരുദ്ധ്യങ്ങളും ഇന്നത്തെ ബൈബിളില്‍ ഉള്‍പ്പെടുന്നുണ്ട് എന്ന് ഗവേഷകര്‍
കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇന്ന് ലഭ്യമായ വേദഗ്രന്ഥങ്ങളില്‍ വെച്ച് "ദൈവികം" എന്ന് സ്വയം അവകാശപ്പെടുന്ന ഏക വേദഗ്രന്ഥമായ ഖുര്‍ ആനാകട്ടെ പതിനാലു നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാകാതെ നിലകൊള്ളുകയാണ്. മറ്റ് വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ട ഭാഷകള്‍ (അരാമിക്, ഹീബ്രൂ തുടങ്ങിയവ) മിക്കതും ഇന്ന് മ്യൂസിയങ്ങളില്‍ മാത്രം കാണപ്പെടുന്നവയാണെങ്കില്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഖുര്‍ആന്‍ അവതീര്‍ണ്ണമായ അറബി ഭാഷ ഇന്ന് ലോകത്ത് അഞ്ചാമത്തെ ഏറ്റവും വലിയ സംസാരഭാഷയായി നിലകൊള്ളുകയാണ്. സൂര്യ ചന്ദ്രന്മാരുടെയും, ഭൂമിയുടെയും, നക്ഷത്രങ്ങളുടെയും ചലനങ്ങളെക്കുറിച്ചും, പര്‍വ്വതങ്ങളെക്കുറിച്ചും, സമുദ്രങ്ങളെക്കുറിച്ചും, തേനീച്ചകളെക്കുറിച്ചും, ഗര്‍ഭസ്ഥ ശിശുവിന്‍റെ അവസ്ഥാന്തരങ്ങളെക്കുറിച്ചും മറ്റും ഖുര്‍ആനില്‍ വന്നിട്ടുള്ള പരാമര്‍ശങ്ങള്‍ തീര്‍ച്ചയായും ആധുനിക ശാസ്ത്ര സമൂഹത്തെ അത്ഭുതപ്പെടുത്തുന്നവയായിരുന്നു. പതിന്നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിരക്ഷരനായ ഒരു മനുഷ്യനിലൂടെ ലോകം ശ്രവിച്ച ഈ ഗ്രന്ഥത്തില്‍ വന്നിട്ടുള്ള അതിശയകരമായ പരാമര്‍ശങ്ങള്‍ വെറും യാദൃഛികം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വിമര്‍ശകര്‍ പോലും തയ്യാറാകുമെന്ന് കരുതുന്നില്ല.
എന്നാല്‍ ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി അവതരിപ്പിക്കപ്പെട്ട ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്യുന്നത് തെറ്റാണെന്ന് പ്രചരിപ്പിച്ചിരുന്ന ഒരു വിഭാഗം മത പുരോഹിതന്മാര്‍ അടുത്ത കാലംവരെ ജനങ്ങളിലേക്ക് ഈ സന്ദേശം എത്തുന്നതിനെ തടയാന്‍ ശ്രമിച്ചിരുന്നു. ഇസ്ലാമിന് അന്യമായ പൌരോഹിത്യത്തിന്‍റെ വക്താക്കളായ ഇക്കൂട്ടര്‍ ഇന്നും ഖുര്‍ആനിക സന്ദേശങ്ങള്‍ക്കും, പ്രവാചകാധ്യാപനങ്ങള്‍ക്കും വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ മതാനുയായികളെപ്പോലും വഴിതെറ്റിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ചിന്തിക്കുവാന്‍ തയ്യാറുള്ള സുഹൃത്തുക്കളെ ഞാന്‍ ക്ഷണിക്കുകയാണ്....
14 നൂറ്റാണ്ട് മുമ്പ് അറേബ്യയില്‍ ജീവിച്ചിരുന്ന.... 40 വര്‍ഷക്കാലം അങ്ങേയറ്റം മാതൃകാ യോഗ്യമായ ജീവിതം നയിക്കുകയും.. പ്രവാചകത്വലബ്ധിക്ക് ശേഷം 23 വര്‍ഷം കൊണ്ട് തിന്മയുടെ വക്താക്കളായിരുന്ന ഒരു സമൂഹത്തെ ഉത്തമ സമുദായമാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്ത.. മുഹമ്മദ് (സ:അ) എന്ന ആ മഹാനായ പ്രവാചകനിലൂടെ ലോകം ശ്രവിച്ച ശുദ്ധമായ ഏകദൈവ വിശ്വാസത്തെക്കുറിച്ച് പഠിക്കാന്‍.... മനസ്സിലാക്കാന്‍.... ഹ്രസ്വമായ നമ്മുടെ ജീവിതത്തിന് മരണത്തിന്‍റെ തിരശ്ശീല വീഴുന്നതിന് മുമ്പായി യഥാര്‍ത്ഥ സത്യം കണ്ടെത്താന്‍...